ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചു ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ – ഒഡിഷ തീരത്തിനു അകലെയായാണ് നിലവില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണ്‍സൂണ്‍ പാത്തി അതിൻ്റെ സാധാരണ സ്ഥാനത്തു നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതുകൊണ്ടുതന്നെ കേരള തീരത്ത് നിന്നും വെള്ളിയാഴ്ച മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയും ഞായറും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.