വിഴിഞ്ഞം തുറമുഖ ഉപരോധ സമരം 25-ാം ദിനത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ സമരം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള നീക്കത്തിൽ ലത്തീന്‍ അതിരൂപത.ചെറിയതുറ, കൊച്ചുതോപ്പ്, തോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. മത്സ്യത്തൊഴിലാളികളുടെ റിലേ ഉപവാസ സമരവും തുടരുകയാണ്. സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം കൂടുതൽ വ്യാപിക്കുവാനായി ഇന്ന് സമര സമിതിയുടെ യോഗം ചേരും.
സമരം തുടരുന്നതിനിടെ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുട്ടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്ലാറ്റ് നിര്‍മിക്കും. ഇതിനായി നിര്‍മ്മാതാക്കളുടെ ടെന്‍ഡര്‍ വിളിക്കും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കും. 335 കുടുംബങ്ങള്‍ക്ക് 5500 രൂപ പ്രതിമാസം വാടക നല്‍കാനും തീരുമാനിച്ചു.
നിലനില്‍പ്പിനു വേണ്ടിയാണ് സമരമെന്നും അക്രമം സൃഷ്ടിക്കുക സമരക്കാരുടെ ലക്ഷ്യമല്ലെന്നും അതിരൂപത വ്യക്തമാക്കിയിരുന്നു. അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ വേണം. ഭൂരിപക്ഷ പരാതികളിലും തീരുമാനമായി എന്ന പ്രചാരണം ശരിയല്ല. തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും സമരസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.