ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരി ആയിരുന്ന എലിസബത്ത് രാജ്ഞിക്ക് ലോകത്തിന്റെ ആദരാഞ്ജലി. ‘ഗോഡ് സേവ് ദ ക്വീന്‍’ പാടിയാണ് ജനങ്ങള്‍ രാജ്ഞിയുടെ വേര്‍പാടില്‍ ദുഃഖം അറിയിച്ചത്. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് ആയിരക്കണക്കിന് പേര്‍ ഒത്തുകൂടി. വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി കൊട്ടാരത്തിലെ ദേശീയ പതാക പകുതി താഴ്ത്തിയതിന് പിന്നാലെ ആകാശത്ത് ഇരട്ട മഴവില്ല് ദൃശ്യമായത് കൗതുകമായി.
വ്യാഴാഴ്ച രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാര്‍ത്ത ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് മൂത്ത മകനായ ചാള്‍സാണ് ഇനി ബ്രിട്ടന്റെ രാജപദവി ഏറ്റെടുക്കുക. ചാള്‍സ് രാജാവായി മാറുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ (ക്വീന്‍ കണ്‍സോര്‍ട്ട്) രാജ പത്‌നിയാകും. കാമിലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് പദവി ലഭിക്കുമെന്ന് എലിസബത്ത് രാജ്ഞി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ ഇന്ത്യയിൽ കണ്ടെത്തിയ പ്രശസ്തമായ കോഹിനൂര്‍ രത്നം ആരുടെ കൈകളില്‍ എത്തിച്ചേരുമെന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്തു വന്നു. എലിസബത്ത് രാജ്ഞിയുടെ കോഹിനൂര്‍ പതിച്ച കിരീടം കാമിലയ്ക്ക് തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.