ചെന്നൈ: ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയെ ഒരുമിപ്പിക്കണമെന്നു ജനങ്ങൾ ഒന്നാകെ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിർണയിക്കാമെന്ന് ഒരുവിഭാഗം കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഇന്ത്യൻ ദേശീയ പതാക അപകടത്തിലാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. ത്രിവർണ പതാക സമ്മാനിച്ചതല്ല. അത് ഇന്ത്യൻ ജനത സമ്പാദിച്ചതാണ്. എല്ലാവർക്കും അവകാശപ്പെട്ടതാണ് ദേശീയ പതാകയെന്നും രാഹുൽ പറഞ്ഞു.
ദേശീയ പതാകക്ക് വണങ്ങിയാൽ മാത്രം പോരാ. അതിന്റെ മൂല്യങ്ങൾ മനസിലാക്കുകയും വേണം. ഏതെങ്കിലും ഒരുകൂട്ടർക്ക് മാത്രം ഉള്ളതല്ല. ദേശീയ പതാക രാജ്യത്ത് ഓരോ പൗരനും സുരക്ഷ ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ ഇന്ന് ദേശീയ പതാക അപകടം ഭീഷണിയിലാണ്. ദേശീയ പതാക ചിലരുടെ മാത്രം സ്വന്തമായി മാറിയിരിക്കുന്നു. ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് ജനതയെ ബിജെപി ഭയപ്പെടുത്തുന്നു. എന്നാൽ ഒരാളും ഭയപ്പെടില്ല. ഇന്ത്യ ഒന്നിക്കണം എന്ന ആഗ്രഹത്തിലാണ് മുഴുവൻ ജനതയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നവോഥാന നിമിഷമാണിതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മനസ്സുകൊണ്ട് യാത്രയ്ക്കൊപ്പമുണ്ടെന്നും മഹത്തായ പാരമ്പര്യമുള്ള പാർട്ടിക്ക് ഇതു സുപ്രധാന സമയമാണെന്നും സോണിയ കൂട്ടിച്ചേർത്തു. ആരോഗ്യപ്രശ്നങ്ങൾ കാരണം സോണിയാ ഗാന്ധി യാത്രയിൽ പങ്കെടുക്കുന്നില്ല. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനു ശക്തമായ കോൺഗ്രസ് അനിവാര്യമാണെന്ന് മുതിർന്ന നേതാവ് ജയ്റാം രമേശ് പറഞ്ഞു.