പത്തനംതിട്ട: പെരുനാട്ടിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച 12കാരി അഭിരാമിയുടെ ശരീരത്തിൽ ആന്റിബോഡി കണ്ടെത്തി. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായത്. തലച്ചോറിൽ വൈറസ് ബാധിച്ചതാണ് മരണത്തിന് കാരണമെന്നാണ് കോട്ടയം ഐസിഎച്ച് ആശുപത്രി അധികൃതർ പറയുന്നത്.
കോട്ടയം മെഡി. കോളജില്‍ ചികിത്സയിലായിരുന്ന അഭിരാമി സെപ്തംബർ അഞ്ചിനാണ് മരിച്ചത്. മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിലായിരുന്നു അഭിരാമി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച പെൺകുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയത്. വൈറസ് ബാധ തലച്ചോറിലേക്കും വ്യാപിച്ചതോടെ അഞ്ചിന് ഉച്ചയ്ക്ക് 1.45ന് മരിച്ചു.
സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല.
തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടും ആരോഗ്യം വഷളാവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.