തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായശല്യം രൂക്ഷമാണെന്നും സർക്കാർ നിസ്സംഗമായി നോക്കിനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരുവുനായ ശല്യം പരിഹരിക്കാൻ അടിയന്തര പരിഹാര നടപടികൾ വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് പതിമൂന്ന് കാരി അഭിരാമി മരിച്ച പശ്ചാതലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
തെരുവ് നായ പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ഭരണപക്ഷം പുച്ഛിച്ചുവെന്നും വിഷയത്തില്‍ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. രണ്ട് വർഷമായി ഒരിടത്തും വന്ധ്യംകരണം നടക്കുന്നില്ല. പ്രതിരോധ വാക്സിന്‍ പരിശോധനകളില്ലാതെയാണ് കൊണ്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നായകളെ വന്ധ്യംകരിക്കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, പട്ടികടിയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പുമന്ത്രിക്കാണ് ധാർമിക ഉത്തരവാദിത്തമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷവാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാൻ. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി എടുക്കണം. കടിയേറ്റശേഷം മൂന്നു വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനാവാത്തത് വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം ജനിപ്പിക്കുന്നതാണ്. സ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം.