അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ജില്ലയിലെ മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
സംസ്ഥാനത്ത് നാളെ അതിതീവ്ര മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തെക്കന്‍, മധ്യജില്ലകളില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഉത്രാടം, തിരുവോണം ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യമാണ് മഴയ്ക്കുള്ള കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്വാറിയിങ്, മൈനിങ്, ഖനന പ്രവര്‍ത്തനങ്ങളും കടലോര / കായലോര /മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട് ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.