ശ്രീനഗർ: രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാം നബി ആസാദ്. താന്‍ അടക്കമുള്ളവര്‍ രക്തവും വിയര്‍പ്പും നല്‍കിയാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയത്. ട്വിറ്ററും കംപ്യൂട്ടറും ഉപയോഗിച്ചല്ലെന്ന് രാഹുലിനെയും ജയറാം രമേശിനെയും ഉന്നമിട്ട് ഗുലാം നബി ആസാദ് പറഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി ജമ്മുവില്‍ നടന്ന റാലിയിലാണ് ഗുലാം നബിയുടെ വിമര്‍ശനം. ജമ്മുവിലെ സൈനിക് കോളനിയിലാണ് ആസാദിന്‍റെ ആദ്യ റാലി നടന്നത്.
താന്‍ ഉള്‍പ്പെടെയുള്ളവരെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു. പ്രക്ഷോഭങ്ങളുടെ ഭാഗമായി അറസ്റ്റിലായാല്‍ ഉടന്‍ തന്നെ ഡിജിപിയെ വിളിച്ചു പറഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ഇതുകൊണ്ടാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയില്‍ കാണാത്തതെന്നും ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.
ജമ്മു കശ്മീരിന്‍റെ പൂര്‍ണ സംസ്ഥാന പദവിക്കായി നിലകൊള്ളും. പുതിയ പാര്‍ട്ടിയുടെ പേര് ഭാരീതയത നിറഞ്ഞതായിരിക്കുമെന്നും അതു ജനങ്ങൾ തീരുമാനിക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.