തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യിലെ സ്ഥിരം അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 8 അംഗങ്ങളാണ് ഉള്ളത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടത്തുന്ന യാത്രയില്‍ ആകെ 117 സ്ഥിരം അംഗങ്ങളാണുള്ളത്. ഈ മാസം 7 ന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യാത്ര ഉദ്ഘാടനം ചെയ്യും.
ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെ.എസ്.യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രന്‍, കെ.ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം.എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരാംഗങ്ങൾ.
സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് അഞ്ച് മണിയ്ക്ക് കന്യാകുമാരിയില്‍ നിന്ന് ‘ഭാരത് ജോഡോ യാത്ര’ തുടങ്ങും. കാല്‍നടയായി 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരിലാണ് സമാപനം. ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊന്നതിന്റെ വാര്‍ഷിക ദിനത്തില്‍, 2023 ജനുവരി 30-ന് സമാപന സമ്മേളനം. ഈ അഞ്ച് മാസത്തിനിടെ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകള്‍ കഴിയും.
തിരുവനന്തപുരം ജില്ലയിൽ 11, 12, 13, 14 തീയതികളിൽ പര്യടനം നടത്തി 14 ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15, 16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17, 18, 19, 20 തീയതികളിൽ ആലപ്പുഴയിലും 21, 22ന് എറണാകുളം ജില്ലയിലും 23, 24, 25 തീയതികളിൽ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാട്ടും പര്യടനം നടത്തും. 27 ന് ഉച്ചയ്ക്കുശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28നും 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക് കടക്കും.
രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം- എന്നിങ്ങനെ രാജ്യം പ്രതിസന്ധി നേരിടുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ധനികര്‍ വീണ്ടും ധനികരാകുന്നു, എന്നാല്‍ ദരിദ്ര ജനസമൂഹം അതി ദരിദ്രമായ അവസ്ഥയിലേക്ക് തള്ളിയിടപ്പെട്ടു. പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്രോണി കാപ്പിറ്റലുകള്‍ക്ക് ചെറിയ വിലയ്ക്ക് നല്‍കുന്നു. ഇവയാണ് ഭാരത യാത്ര നടത്താനുള്ള സാമ്പത്തിക കാരണമായി കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.