മുംബൈ: മഹാരാഷ്ട്രയിൽ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികിൽ തള്ളിയ സംഭവത്തില്‍ രണ്ട് പ്രതികൾ പിടിയിൽ. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഗുജറാത്തിൽ നിന്നാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
മുംബൈയിലെ അന്ധേരിയിൽ നിന്നുള്ള 14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം ആഗസ്റ്റ് 26 ന് നൈഗാവിനടുത്ത് റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുതപ്പിൽ പൊതിഞ്ഞ് സ്യൂട്ട്കേസിൽ നിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ആഗസ്റ്റ് 25 ന് സ്‌കൂളിലേക്ക് പോയ ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ പങ്ക് വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാരകായുധമുപയോഗിച്ച് ഒന്നിലധികം കുത്തുകളേറ്റ നിലയിൽ ആഗസ്റ്റ് 26 നാണ് സ്‌കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ പാലൻപൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.