മൈസൂരു: കർണാടകയിലെ ഹുൻസൂർ റോഡിൽ ഹോട്ടൽ മുറിയിൽ എൻജിനീയറിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാമുകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണ ഹരളഹള്ളിയിൽ രവിയുടെ മകൾ അപൂർവ ഷെട്ടി (21) ആണ് മരിച്ചത്. ഹിങ്കൽ സ്വദേശിയായ ആഷിക് (26) ആണ് പിടിയിലായത്.
ഹുൻസൂരിലെ സ്വകാര്യ കോളജിൽ പഠിച്ചിരുന്ന അപൂർവ, വിജയ നഗറിൽ പേയിങ് ഗസ്റ്റായാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 29നാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ആഷിക് തനിച്ച് റൂമിൽ നിന്നും പുറത്തു പോയി. ഉച്ചകഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. റൂമിൽ യുവതി ഒറ്റയ്ക്കാണെന്ന് ഹോട്ടൽ ജീവനക്കാർക്ക് അറിയാമായിരുന്നു. ഭക്ഷണമൊന്നും ഓർഡർ ചെയ്യാതിരുന്നതോടെ സംശയം തോന്നി യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചു. പ്രതികരണമില്ലാതിരുന്നപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് വന്ന് വാതിൽ തുറന്നു പരിശോധിച്ചപ്പോൾ മുറിയിൽ മരിച്ച നിലയിലാണു യുവതിയെ കണ്ടെത്തിയത്. മൂക്കിൽനിന്നു രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ചയാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.