വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വാൾമാൾട്ടിന്റെ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കുമെന്ന് ഭീഷണി മുഴക്കിയ വിമാനം ഒടുവില്‍ നിലത്തിറങ്ങി. വിമാനം പറത്തിയ 29കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
മിസിസിപ്പിയിലെ ടുപെലോ നഗരത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വെസ്റ്റ് മെയിനിൽ വാൾമാർട്ടിലേക്ക് ഇടിച്ചുകയറുമെന്നായിരുന്നു ഭീഷണി. അപകട സാധ്യത കണക്കിലെടുത്ത് വീടുകളിൽ നിന്നും സ്റ്റോറുകളിൽ നിന്നും ആളുകളെ പോലീസ് ഒഴിപ്പിച്ചിരുന്നു.
ടുപെലോ വിമാനത്താവളത്തിൽ നിന്ന് ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ 90 എന്ന ചെറുവിമാനമാണ് 29കാരനായ പൈലറ്റ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുകളുള്ള ഒമ്പത് സീറ്റുകളുള്ളതാണ് വിമാനം. രാവിലെ അഞ്ചുമുതലാണ് വിമാനം നഗരത്തിന് മുകളില്‍ പറത്താന്‍ തുടങ്ങിയത്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷാക്രമീകരണങ്ങൾ എല്ലാംതന്നെ സജ്ജമാക്കിയിരുന്നു.