ന്യൂഡൽഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ തള്ളി എഐസിസി നേതൃത്വം. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍ എന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാൻ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ശ്രമിച്ചേക്കും.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ആര് അധ്യക്ഷനാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ശശി തരൂര്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കിയിട്ടുള്ളത്. ഇതിനിടെ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ എഐസിസി നേതൃത്വം തള്ളി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ പദവി രാജി വച്ചതും ഗാന്ധി കുടുംബത്തിൽനിന്നും ആരും അധ്യക്ഷനാകാനില്ലെന്നും അറിയിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബം പരിഗണിച്ചത്. എന്നാല്‍ ഗെഹ്‌ലോട്ട് ചില നിബന്ധനകള്‍ മുന്നോട്ടുവച്ചത് അംഗീകരിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കുകയോ വേണമെന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ ആവശ്യം. ജി 23 ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ശശി തരൂരോ, മനീഷ് തിവാരിയോ മത്സരിച്ചേക്കും. അതേസമയം, രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ താന്‍ രംഗത്തുണ്ടാവില്ലെന്ന സൂചന നേരത്തേതന്നെ തരൂര്‍ നല്‍കിയിരുന്നു.