കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയതോടെ ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗം ഇന്ന് നടക്കും . രാവിലെ 10 30ന് തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനത്തിന് അമിത് ഷാ അധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച രാത്രിയോടെ എത്തിയ അദ്ദേഹത്തിന് ബിജെപി പ്രവര്ത്തകര് വൻ സ്വീകരണം നൽകി.
കോവളം ലീലാ റാവിസില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ സോണല്‍ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകുന്നേരം കഴക്കൂട്ടം അല്‍-സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പട്ടിക ജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോര്‍ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ടോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.
ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ അമിത് ഷായെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചുവെങ്കിലും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ഉള്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് വള്ളം കളിയില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് വ്യക്തമായത്. സുരക്ഷാ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നാണ് സൂചന.