തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ ആഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 6 ന് മുൻപ് നൽകണമെന്നും ഇതിനായി സർക്കാർ 50 കോടിരൂപ അടിയന്തരമായി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശമ്പളത്തിന്‍റെ മൂന്നിലൊന്ന് ഭഗമാണ് ആദ്യഘട്ടം നൽകേണ്ടത്.
ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൂന്നിലൊന്ന് ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് ഈ തുക ഉപയോഗിക്കാം. ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണുകളും നൽകാൻ സർക്കാർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കൂപ്പണും വൗച്ചറുകളും ആവശ്യമില്ലാത്തവർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കുടിശികയായി നിലനിർത്തുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ, മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് ഉൾപ്പടെ സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നൽകേണ്ടത്. നേരത്തെ ഹർജി പരിഗണിക്കവേ 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
15 കോടി രൂപ മാത്രമാണ് കൈവശമുള്ളതെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയിൽ ഒരു മാസത്തെ പോലും നൽകാൻ 50 കോടി തികയില്ലെന്നും കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. . രണ്ട് മാസത്തെ ശമ്പളവും ഓണം ബോണസും വിതരണം ചെയ്യാൻ 103 കോടി രൂപ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്.