തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സ്പീക്കറായി എഎന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ രാജിവെച്ചതിനെ തുടര്‍ന്ന് വന്‍ അഴിച്ചുപണിയാണ് നടത്തിയത്. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും. സെപ്റ്റംബര്‍ ആറിന് ഉച്ചക്ക് 12നായിരിക്കും സത്യപ്രതിജ്ഞ.
കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായത്.
രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എംബി രാജേഷിന്‍റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു.
സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാര്‍ച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ പിജിയും ലോ അക്കാദമിയില്‍നിന്നു നിയമ ബിരുദവും നേടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.