നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികള്‍ ഈ മാസം 14 ന് നേരിട്ട് ഹാജരാകാനാണ് വിചാരണ കോടതി ഉത്തരവിട്ടിട്ടുള്ളത്. ഇതോടെ പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടി വരും. കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയെ കൂടാതെ മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ കുഞ്ഞഹമ്മദ്, കെ അജിത്, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍.
കേസില്‍ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു.
നിയമസഭയില്‍ നടന്നത് സാധാരണ പ്രതിഷേധമാണെന്നും കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തെറ്റാണെന്നും പ്രതികള്‍ ആരോപിച്ചു.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.