സമരക്കാർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം ഇന്നും തുടർന്നു. ബാരിക്കേഡ് മറികടന്ന് സമരക്കാർ തുറമുഖ നിർമ്മാണം നടക്കുന്ന ഇടത്തേയ്ക്ക് കയറി. ഇത് തടയാൻ ശ്രമിച്ച പോലീസുമായി ഉന്തും തള്ളും ഉണ്ടായി.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ തുറമുഖ നിർമ്മാണ പ്രദേശത്തേയ്ക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
അതീവ സുരക്ഷാ മേഖലയിൽ ആയിരത്തിലധികം സമരക്കാർ തമ്പടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നുമാണ് ആദാനി ഗ്രൂപ്പ് കോടതിയിൽ അറിയിച്ചത്.