ഇന്ത്യയുടെ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചിൻ ഷിപ്പിയാർഡിൽവെച്ച് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിനെ കമ്മീഷൻ ചെയ്തത്. ഏഷ്യയിൽ ചൈനയ്‌ക്കൊപ്പം വിമാന വാഹിനി കപ്പൽ സ്വന്തനമായി നിർമ്മിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.പ്രതിരോധ രംഗത്ത് ഇന്ത്യക്ക് വൻനേട്ടമാണ് ഐഎൻഎസ് വിക്രാന്ത്.
വിക്രാന്തിന് പിന്നിൽ പ്രയത്‌നിച്ചവരെ എല്ലാം പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒരു ലക്ഷ്യവും അസാദ്ധ്യമാകില്ലെന്ന് വിക്രാന്ത് തെളിയിച്ചു. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കേരളത്തിന്റെ പുണ്യഭൂമിയിൽ നിന്നും രാജ്യത്തിനായുള്ള നേട്ടമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. നാവിക സേനയ്ക്ക് ഇന്ന് മുതൽ പുതിയ പതാക ആയിരിക്കും.
രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുകയാണെന്ന് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിത്. രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണ് വിക്രാന്ത്, സമുദ്ര മേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണിതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.