കൊച്ചി: കൊച്ചി മെട്രോയുടെ എസ്എൻ ജംക്‌ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ –കോട്ടയം – ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം – പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു.
കൊച്ചി മെട്രോയുടെ ഫേസ് 1എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും പുതിയ പദ്ധതികൾ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയിൽ അർബൻ ഡെവലപ്‌മെന്റിനും ഗതാഗതവികസനത്തിനും വലിയൊരു ദിശാബോധം നൽകുന്നതാണ് പുതിയ പാത എന്നും അദ്ദേഹം അറിയിച്ചു. 600 കോടിയുടെ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.
‘‘കൊച്ചി മെട്രോയുടെ പുതിയ ഘട്ടം വരുന്നതോടെ നഗര ഗതാഗതം ശക്തമാകും. വാഹനങ്ങളുടെ തിരക്കും മലിനീകരണവും കുറയും. കൊച്ചിയുടെ വികസനത്തിനു ദിശ നൽകും. വിമാനത്താവളം പോലെ മെട്രോ സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകളും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം സ്റ്റേഷനുകൾ ആധുനിക രീതിയിൽ വികസിപ്പിക്കും’’– മോദി പറഞ്ഞു.
കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നൽകുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിന് വേണ്ടിയുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് കേന്ദ്രം സഹായം നൽകും. സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന പരിപാടിയിലാണ് മെട്രോ വികസനം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനടക്കമുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു.
അതേസമയം പേട്ട എസ്.എൻ ജംഗ്ഷനിലൂടെ ആദ്യ ട്രെയിൻ ഓടിത്തുടങ്ങി. ഭിന്നശേഷിക്കാരായ കുട്ടികളുമായായിരുന്നു ആദ്യ യാത്ര.