കൊച്ചി: രാജ്യത്ത് എവിടെയല്ലാം ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലുണ്ടോ അവിടെയെല്ലാം അതിവേഗ വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എന്ജിന് സര്‍ക്കാരാണ് അവിടെയെല്ലാം എന്നതാണ് അതിന്റെ കാരണം. കേരളത്തില്‍ ഇത്തരത്തിലൊരു ഇരട്ട എന്ജിന് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വികസനം അതിവേഗത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾ ബിജെപിയെ പുതിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിന്റെ വികസനത്തിന് ബിജെപി ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തിക്കുന്നത്. പിഎംഎവൈ പദ്ധതി വഴി കേരളത്തിൽ രണ്ടുലക്ഷം വീടുകൾ നിർമിക്കുമെന്നും ഇതിൽ ഒരുലക്ഷം വീടുകളുടെ നിർമാണം പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഒരുലക്ഷം കോടിയുടെ അടിസ്ഥാന വികസനം നടപ്പാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തിൽ പ്രസംഗിച്ചാണ് അദ്ദേഹം തുടങ്ങിയത്. എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന അദ്ദേഹം കേരളം വൈവിധ്യങ്ങളുടെ ഭൂമിയാണെന്നും കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി പ്രസംഗത്തിലുടനീളം വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം. അതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കല്‍ കോളേജ് എങ്കിലും സ്ഥാപിക്കാനണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ യുവാക്കള്‍ക്കും പ്രത്യേകിച്ച് നേഴ്സിങ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഗുണകരമാകും. വ്യത്യസ്ത പദ്ധതികളിലായി ഒരു ലക്ഷം കോടി രൂപയാണ് കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ചിലവഴിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവത്തിൽ ഊഷ്മള സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എംഎൽഎ, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, നേവൽ അക്കാദമി ഡെപ്യൂട്ടി കമാൻഡന്റ് റിയർ അഡ്മിറൽ അജയ് ഡി. തിയോഫിലസ്, ജില്ലാ കളക്ടർ ഡോ. രേണുരാജ്, റൂറൽ എസ്പി വിവേക് കുമാർ എന്നിവർ വിമാനത്താവളത്തിൽ എത്തി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്, ബിജെപി സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണൻ, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളകുട്ടി, മുതിർന്ന നേതാക്കളായ ഒ.രാജഗോപാല്‍, സി.കെ പത്മനാഭൻ, ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യൻ, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, എം.ഗണേശന് എന്നീ നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി, കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും. ബിജെപിയുടെ പരിപാടിക്കുശേഷം വൈകിട്ട് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം തുടങ്ങിയവയും മോദി നിർവഹിക്കും.
കൊച്ചി മെട്രോയുടെ എസ്എൻ ജംക്ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം, കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ–കോട്ടയം–ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം–പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയാണു പ്രധാനമന്ത്രി നിർവഹിക്കുക.
തുടർന്ന് പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും. വെല്ലിങ്ടൻ ദ്വീപിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി രാത്രി 9ന് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. താമസവും ഇവിടെയാണ്. നാളെ രാവിലെ 9.30നു കൊച്ചി കപ്പൽശാലയിൽ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മിഷൻ ചെയ്യും. ഉച്ചയോടെ മംഗളൂരുവിലേക്കു തിരിക്കും.