തിരുവനന്തപുരം: ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ലോഗോ മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പ്രകാശനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഏറ്റുവാങ്ങി. ഇന്നലെയാണ് തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ നിയമസഭ പാസാക്കിയത്. ജനങ്ങള്‍ക്ക് തൊട്ടറിയാവുന്നതും വിളിപ്പുറത്തുമുള്ള സര്‍ക്കാരിന്‍റെ മുഖമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെന്ന് മന്ത്രി പറഞ്ഞു.
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്‍റെയും പൊതു സര്‍വീസിന്‍റെയും രൂപീകരണം കേവലമായ പരിഷ്കാരം മാത്രമല്ല. പുരോഗമനോന്മുഖമായ ഒരു സര്‍വീസ് സങ്കല്‍പ്പത്തിന്‍റെ പ്രഖ്യാപനം കൂടിയാണ്. വികസന സേവന ക്ഷേമ പ്രവര്‍ത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രാദേശിക സര്‍ക്കാരുകളാണതെന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടവരാണ് ഓരോ ജീവനക്കാരനും. ഭരണഘടനാ സങ്കല്‍പ്പമനുസരിച്ചുതന്നെ യോജിച്ചു പ്രവര്‍ത്തിക്കേണ്ട ത്രിതല പഞ്ചായത്തുകളെയും നഗരപാലികാ സംവിധാനങ്ങളെയും അറകെട്ടി നിര്‍ത്തുന്ന നിലവിലുള്ള വകുപ്പ് ഘടനകളാണ് ഏകീകരണത്തോടെ ഇല്ലാതാകുന്നത്. ജനങ്ങളെ സേവിക്കാൻ ബാധ്യതപ്പെട്ട ഒരു സംവിധാനമാണ് തദ്ദേശ സ്വയം ഭരണ പൊതു സര്‍വീസിലൂടെ നിലവില്‍ വരുന്നത്. അത് ഉറപ്പ് വരുത്തേണ്ടത് ജനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സാമ്പത്തിക വികസനത്തിലൂന്നിയുള്ള പദ്ധതികളിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഇനിയുള്ള ഭാവി. തൊഴിലും സംരംഭവുമൊരുക്കുന്ന കേന്ദ്രമാക്കി പ്രാദേശിക സര്‍ക്കാരുകളെ മാറ്റാനുള്ള പ്രവര്‍ത്തനം തുടരുകയാണ്. രാജ്യത്തിന് തന്നെ മാതൃകയായ തൊഴില്‍ സഭകള്‍ രംഗത്തെ സുപ്രധാന കുതിപ്പാകും. മുഖം മാറുന്ന കുടുംബശ്രീക്കും പ്രാദേശിക സാമ്പത്തിക വികസനത്തിന് സുപ്രധാന സംഭാവനകള്‍ നല്‍കാനാകും.
ഉല്‍പ്പന്നങ്ങളുടെ ബ്രാൻഡിംഗ്, സംസ്ഥാന വ്യാപക വിപണി, കയറ്റുമതി തുടങ്ങിയ സാധ്യതകള്‍ പരാമവധി പ്രയോജനപ്പെടുത്താനാകണം. വിദ്യാസമ്പന്നരായ ഓക്സിലറി യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള ‘ഷീ സ്റ്റാര്‍ട്സ്’ കുടുംബശ്രീയുടെ പുത്തൻ കുതിപ്പിന് കാരണമാകും. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിന് യുവതലമുറയെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുതലമുറയുടെ സാമൂഹികവും സാംസ്‌കാരികവും, ഉപജീവനപരവുമായ മുന്നേറ്റത്തിന് പുതുഇടം ഒരുക്കുകയാണ് ഓക്‍സിലറി ഗ്രൂപ്പുകൾ.
ഓരോ മനുഷ്യനും അവന്‍റെ ജീവിത പ്രതിസന്ധികളെ ഫലപ്രദമായി അതിജീവിക്കാനുള്ള ഊര്‍ജമായി മാറേണ്ടത് നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. അതിദരിദ്രരില്ലാത്ത കേരളത്തിലേക്കും അതിവേഗം നാം കുതിക്കുകയാണ്.
ശുചിത്വവും സുന്ദരവുമായ നാട്ടിടങ്ങളെ നമുക്ക് ഒരുക്കാനാകണം. ഓരോ ഗ്രാമങ്ങളെയും നഗരങ്ങളെയും സവിശേഷമായ രീതിയിൽ ഭാവിയിലേക്ക് സജ്ജമാക്കണം. ഇതിനായി നൂതനവും സർഗാത്മകവുമായ പ്ലാനിംഗ് നടപ്പാക്കണം. നവകേരളം സന്തോഷ കേരളവുമാകണം. എല്ലാ മനുഷ്യര്‍ക്കും സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കാനാകുന്ന കേരളത്തെ സൃഷ്ടിക്കാനാകണം. അതിനായുള്ള നിര്‍ണായക ചുവടുവെപ്പാണ് ഏകീകൃത തദ്ദേശ വകുപ്പെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം, പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശൻ, നഗരകാര്യ ഡയറക്ടർ അരുൺ.കെ.വിജയൻ, തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അബ്ദുൾ നാസർ, ലെെഫ് മിഷൻ സിഇഒ പി.ബി.നൂഹ്, ചീഫ് ടൗൺ പ്ലാനർ പ്രമോദ് കുമാർ, കുടുംബശ്രീ എക്സി.ഡയറക്ടർ ജാഫർ മാലിക്, കില ഡയറക്ടർ ജോയ് ഇളമൺ തുടങ്ങിയവർ സംസാരിച്ചു.