വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്.അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിൽ ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് അനു ശിവരാമൻ വിധി പ്രസ്താവിക്കും . സമരം കാരണം തുറമുഖ നിർമ്മാണം സ്തംഭിച്ചെന്നും നാശനഷ്ടങ്ങളുണ്ടായെന്നും അദാനി ഗ്രുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതീവ സുരക്ഷാ മേഖലയിൽ ആയിരത്തിലധികം സമരക്കാർ തമ്പടിച്ചിരിക്കുകയാണ്.
സുരക്ഷ ഒരുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും കമ്പനി കോടതിയിൽ അറിയിച്ചു. സമരത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനാവില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കി. സ്ത്രീകളെയും ഗർഭിണികളെയും കുട്ടികളെയും അണിനിരത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികളിലേക്ക് പോകാനാകില്ലെന്നും സർക്കാർ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പോലീസ് കൂട്ടുനിൽക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് സംരക്ഷണം നൽകണമെന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സമരവുമായി മുന്നോട്ട് തന്നെയെന്നാണ് എതിർകക്ഷികളായ വൈദികരുടെ നിലപാട്.
മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിയ്ക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെ കുറിച്ച് പരാതിയുണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാമെന്നും കോടതി അറിയിച്ചു.