തിരുവനന്തപുരം: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴ ഉൾപ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്. സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന.
2 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് തിരികെ ഡൽഹിയിലേക്ക് മടങ്ങും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസമാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ച്. സെപ്റ്റംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരുന്നത്.
തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗൺസിൽ യോഗം 30 മുതൽ സെപ്തംബർ മൂന്ന് വരെ കോവളത്ത് വെച്ച് നടക്കുന്നുണ്ട്. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്തു ബിജെപി പട്ടിക മോർച്ച സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.