കൊച്ചി: നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ ജോജുവിനെ ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി. കേസ് തുടരാൻ താൽപര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ദേഹാപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ ചുമത്തിയ കുറ്റം കോടതി റദ്ദാക്കിയത്.
എന്നാൽ വ്യക്തിപരമായ പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മേയറും കോൺഗ്രസ് നേതാവുമായി ടോണി ചമ്മണിയാണ് കോടതിയെ സമീപിച്ചത്.
2021 നവംബര്‍ ഒന്നിന് വൈറ്റില ഫ്‌ളൈ ഓവറിന് സമീപം കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തിനിടെയാണ് സംഭവം നടന്നത്. കേസിനെതിരെ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കം എട്ട് കോണ്‍ഗ്രസ് നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു. ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ജോജു ജോര്‍ജിനുണ്ടായത്.