തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം സർക്കാർ റദ്ദാക്കും. തീരുമാനം റദ്ദാക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. പി.എസ്.സിക്ക് പകരം നിയമനത്തിന് പുതിയ സംവിധാനം വരും.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിനെതിരേ വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു സർക്കാരിന്റെ പിന്മാറ്റം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 9-നാണ് ശബ്ദവോട്ടോടെ നിയമസഭയില്‍ വഖഫ് ആക്ട് പാസാകുന്നത്. വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പിഎസ്സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനമാണ് പാസായത്. ഇത് വിജ്ഞാപനമായി പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സമസ്തയും മുസ്ലീം ലീഗും ഉള്‍പ്പെടെ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.
നാളെ സഭയില്‍ ഔട്ട് ഓഫ് അജണ്ടയായാണ് ബില്‍ കൊണ്ടുവരിക. രാവിലെ നിയമസഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേരും. ഈ യോഗം ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കും.
വഖഫ് നിയമനനിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. മുസ്ലിം സമുദായ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പ് പാലിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. അന്ന് ഐ.യു.എം.എല്ലിന്റെ ഭാഗത്ത് നിന്നും ഉയർന്ന ഏകപ്രശ്നം നിലവിലെ ജീവനക്കാർക്ക് ജോലി പോകുമെന്നായിരുന്നു. എന്നാൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ അത് പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോൾ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്നമായി വരികയും ചെയ്തു. വഖഫ് ബോർഡ് യോഗമാണ് പി.എസ്.സിക്ക് വിടാൻ ശിപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.