പാറ്റ്ന: ബിജെപി മുക്ത ഭാരതമെന്ന മുദ്രവാക്യമുയർത്തി മുഖ്യമന്ത്രിമാരായ നിതീഷ് കുമാറും കെ. ചന്ദ്രശേഖർ റാവുവും. പാറ്റ്നയിലെത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദർശിച്ച തെലുങ്കാന മുഖ്യമന്ത്രി കെസിആർ രാജ്യത്തിന് ഇന്ന് ആവശ്യം ബിജെപി മുക്ത ഭാരതമാണെന്ന് പറഞ്ഞു.
എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപി മുക്ത ഭാരത് എന്ന മുദ്രാവാക്യം ഉയർത്തണമെന്ന് കെ.സി.ആര് ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് മൂന്നാം മുന്നണി? തങ്ങൾ പ്രധാന മുന്നണിയിൽ പ്രവർത്തിക്കുന്നുവെന്ന് നിതീഷ് കുമാര് പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കാണ് കെസിആർ പാറ്റ്നയിലെത്തിയത്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും തെലുങ്കാന മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ ശക്തനായ എതിരാളിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ കെസിആറിന്റെ നീക്കം പ്രതിപക്ഷ പാളയത്തിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്.
രാജ്യത്തെ അറിയപ്പെടുന്ന മുതിർന്ന നേതാവാണ് നിതീഷ് കുമാറെന്ന് കെസിആർ പറഞ്ഞു. എല്ലാവരുടെയും സമ്മതത്തോടെ പ്രതിപക്ഷത്തിന്റെ നയവും നേതാവിനെയും തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ പാറ്റ്നയിൽ നടന്ന ചടങ്ങിൽ വേദി പങ്കിട്ട ഇരു നേതാക്കളും ബിജെപിക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു.
നേരത്തെ നിതീഷ് കുമാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ മോദി നിതീഷ് കുമാറിന്റെയും കെ.സി.ആറിന്റെയും കൂടിക്കാഴ്ചയെ രണ്ട് ദിവാസ്വപ്നക്കാരുടെ കൂടിക്കാഴ്ചയെന്ന് പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ ഏറ്റവും പുതിയ കോമഡി ഷോയാണ് ഈ ഐക്യമെന്നും അദ്ദേഹം പരിഹസിച്ചു.