കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ സംഘർഷത്തിൽ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ യുവതിയുടെ പരാതിയിൽ കേസ്. സെക്യൂരിറ്റി ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നേരത്തെ അഞ്ചംഗ സംഘം ജീവനക്കാരെ മർദ്ദിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റിരുന്നു. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ യുവാവും സംഘവും മര്‍ദിച്ചുവെന്നാണ് പരാതി നൽകിയിരുന്നത്.
സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്നാവശ്യപെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞിരുന്നു. തുടർന്ന് ഭാര്യയെ ആക്രമിച്ചു എന്ന് പറഞ്ഞ് യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചത്.
അതേസമയം സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചവരിലൊരാൾ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സൂപ്രണ്ടിനെ കാണാനെത്തിയവരെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സെക്യൂരിറ്റി ജീവനക്കാരെ അഞ്ചംഗസംഘം മർദ്ദിച്ചത്.