വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരുള്ള ദമ്പതികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമത്തിൽ വിഡിയോകൾ ചെയ്യുന്ന ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ആരാധകരുണ്ട്. സമ്പന്നരെ കുടുക്കാൻ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്കിയതും ഇരുവരുടെയും പ്രകടനമാണ്.ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറു മാസം നിരീക്ഷിച്ച് പിന്തുടർന്നു. പിന്നാലെ ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്നു പറഞ്ഞ ദേവു വ്യവസായിയോട് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്താന്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു വാഹനത്തിൽ യാക്കരയിലെ വീട്ടിലെത്തിച്ചു. ഇരുട്ടിൽ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപയുടെ കമ്മിഷന് കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി. വ്യവസായിയുടെ കയ്യില്‍നിന്നു തട്ടിയെടുത്ത സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡും വാഹനവുമെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.