കൊച്ചി: വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കൊച്ചി എളംകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഒൻപത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴയെ തുടര്‍ന്ന്‍ ഇന്ന് രാവിലെ മുതല്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായിരുന്നു. കലൂർ, കടവന്ത്ര, എം ജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. രാവിലെ പെയ്ത് തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തോരാതെ നിന്നു.ഇതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വേഗത്തിൽ വെള്ളത്തിലാകുകയായിരുന്നു.
ഹൈക്കോടതി പരിസരം, ബാനർജി റോഡ്, നോർത്ത് , എം ജി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞു. ഇതോടെ ജനങ്ങൾ കുടുങ്ങി. യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.