കാരക്കാസ്: മാർക്സിസ്റ്റ് വിപ്ലവനേതാവ് ഏണെസ്റ്റോ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നെന്ന് വാർത്താ ഏജൻസിയായ പ്രെൻസാ ലാറ്റിന റിപ്പോർട്ട് ചെയ്തു.
ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ച ഹവാനയിലെ ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു കാമിലോ ഗുവേര മാർച്ച്. ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ് അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ ട്വീറ്റ് ചെയ്തു.