ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിക്കാതെ ശശി തരൂര്‍ എംപി. മത്സരിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയില്ലെന്ന് തരൂര്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി. മൂന്ന് ആഴ്ചയ്ക്കുശേഷം ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നും തരൂര്‍ പറഞ്ഞു.
ഒരു ജനാധിപത്യ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നല്ലതാണെന്നും തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും പറഞ്ഞ തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാൽ അതു പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പുറത്തു നിന്നൊരാൾ വരട്ടേയെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബാംഗമുണ്ടാകില്ലെന്ന് ഉറപ്പായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ലെന്നാണ് എഐസിസി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ല. താൻ മത്സരിക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കുമെന്നാണ് സൂചന. ഹൈക്കമാൻഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോൺഗ്രസ് േനരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്റെ വിലയിരുത്തൽ.
പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമാണുള്ളതെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണു ജി 23 ക്യാംപിൽ നടക്കുന്നത്.