കൊച്ചി: ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ചു കൊച്ചി നഗരം. പെട്ടിക്കട മുതല്‍ റെയില്‍വേ ട്രാക്ക് വരെ വെള്ളത്തിനടിയിലായി. പ്രളയകാലത്തുപോലും പിടിച്ചുനിന്ന എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ബസ്സുകള്‍ പൂര്‍ണമായും മാറ്റേണ്ടി വന്നു.
വെള്ളമുയർന്ന് നഗരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും മുങ്ങുന്ന അവസ്ഥയുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കുമുണ്ടായത്. മിക്കവീടുകളിലേയും വാഹനങ്ങളില്‍ വെള്ളം കയറി. കിടപ്പുമുറികളും അടുക്കളയുമെല്ലാം പൂര്‍ണമായും മുങ്ങി.
കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയതിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്ന് കൊച്ചി മേയർ അനിൽകുമാർ പറഞ്ഞു. വെള്ളം ഒഴുകിപ്പോകാൻ മാസ്റ്റർ പ്ലാൻ വേണം, ഇത് കോർപറേഷന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. നഗരാസൂത്രണത്തിനും കൊച്ചി ഇങ്ങനെ ആയതിൽ പങ്കുണ്ടെന്ന് മേയർ പറഞ്ഞു.
രാവിലെ പെയ്ത കനത്ത മഴയിലാണ് കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയത്. കലൂർ, കടവന്ത്ര, എം ജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. രാവിലെ പെയ്ത് തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തോരാതെ നിന്നു.ഇതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വേഗത്തിൽ വെള്ളത്തിലാകുകയായിരുന്നു.
ഹൈക്കോടതി പരിസരം, ബാനർജി റോഡ്, നോർത്ത് , എം ജി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞു. ഇതോടെ ജനങ്ങൾ കുടുങ്ങി. യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽ പെട്ട് വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
വേലിയേറ്റമാണ് വെള്ളം ഇറങ്ങാത്തതിന് പ്രധാന കാരണമായി പറയുന്നത്. ഓടകളും മറ്റ് ഓവുചാലുകളുമെല്ലാം പൂര്‍ണമായും അടഞ്ഞതോടെ വെള്ളത്തിന് ഒഴുകിപ്പോകാന്‍ വഴിയില്ലാതായി. സ്‌കൂളില്‍ പരീക്ഷാ ദിനമായിരുന്നിട്ടുപോലും പലര്‍ക്കും എത്തിപ്പെടാന്‍ കഴിഞ്ഞില്ല.
റെയില്‍വേട്രാക്കിലേക്ക് അപകട നിലയ്ക്ക് മുകളില്‍ വെള്ളം കയറിയതോടെ ട്രെയിന്‍ ഗതാഗതം രാവിലെ മുതല്‍ തടസ്സപ്പെട്ടിരുന്നു. എത്തിപ്പെടാന്‍ മറ്റ് വഴിയില്ലാത്തിനാല്‍ ഹൈക്കോടതി സിറ്റിങ് പോലും മാറ്റിവെച്ചു.