ഇറാഖിൽ ജനകീയ ഷിയ നേതാവ് മുഖ്തദ അൽ സദർ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും പാർട്ടി പിരിച്ചു വിടുന്നതായും പ്രഖ്യാപിച്ചതിന് പിന്നാലെ വൻ ജനകീയ പ്രക്ഷോഭം. സദർ അനുകൂലികളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 20ഓളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പ്രതിഷേധം തുടരുന്നതിനാൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തി. സുരക്ഷാ സേന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെയുള്ള സുരക്ഷാ സേനയുടെ നടപടി അവസാനിപ്പിക്കണമെന്ന് സദർ ആവശ്യപ്പെട്ടു.
താൻ എന്നന്നേയ്ക്കുമായി രാഷ്ട്രീയം വിടുകയാണെന്ന് തിങ്കളാഴ്ചയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇറാഖ് രാഷ്ട്രീയത്തിൽ വളരെ ശക്തനായ നേതാവാണ് മുഖ്തദ. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.
സദറിന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച ജനങ്ങൾ ഇറാഖ് സർക്കാരിന്റെ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയിരുന്നു.