കൊച്ചി:തിരശീലയിലും ക്യാമറയ്ക്കു പിന്നിലും ലിംഗഭേദമെന്ന ആശയത്തെക്കുറിച്ചു വിപുലമായ ചർച്ചകൾക്കു വഴിമരുന്നിടുകയാണു മാധ്യമപ്രവർത്തകയായ അഞ്ജന ജോര്‍ജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം “ബൈനറി എറർ’. സണ്ണി വെയിൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ട്രാന്‍സ്മാന്‍ പൈലറ്റ് ആദം ഹാരി ഇതാദ്യമായി സിനിമാലോകത്തുമെത്തുകയാണ്.
നവാഗത സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് മിഥുന്‍ മാനുവല്‍ തോമസിന്‍റെ നേതൃത്വത്തില്‍ തുടക്കമിട്ട ‘നേരമ്പോക്കിന്‍റെ’ ബാനറിൽ നിർമിച്ചതാണു ചിത്രം. യുട്യൂബ് ചാനലായ “നേരമ്പോക്കിൽ’ റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. .ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും റെയിൻബോ അമ്മമാരും നേരിടുന്ന വെല്ലുവിളികൾ, ലിംഗഭേദങ്ങളെക്കുറിച്ച് അറിവില്ലാത്തവരുടെ പ്രശ്നങ്ങൾ തുടങ്ങിയവയും ചിത്രം ചർച്ച ചെയ്യുന്നു.
ചേര്‍ത്തലയിൽ താമസമാക്കിയ ചലച്ചിത്രകാരന്‍ കൂടിയായ സബ് ഇന്‍സ്‌പെക്ടര്‍ സണ്ണി തോമസായാണ് നടന്‍ സണ്ണി വെയിന്‍ ഈ ചിത്രത്തിലെത്തുന്നത്. “” എന്‍റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് എന്‍റെ കഥാപാത്രവും. ദ്വിലിംഗ സങ്കൽപ്പത്തിലുള്ള സമൂഹത്തിന്‍റെ പ്രതിനിധിയായാണു ഞാൻ ചിത്രത്തിൽ. നമ്മൾ ഓരോരുത്തരിലേക്കും തിരിച്ചുവച്ച കണ്ണാടിയാണ് ഈ ചിത്രം. ഭിന്നലിംഗ സമൂഹത്തോട് നമ്മൾ ചെയ്യുന്ന അനീതികളിലേക്കും ഈ ചിത്രം നമ്മുടെ കാഴ്ചകളെ കൊണ്ടുപോകുന്നു”- സണ്ണി വെയിൻ പറഞ്ഞു. ഭിന്നലിംഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, മഴവില്‍ അമ്മമാര്‍ എന്നിവരുടെ വീക്ഷണകോണില്‍ നിന്നു ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്ന സഹാനുഭൂതി നിറഞ്ഞ ചിത്രം കൂടിയാണ് ബൈനറി എറര്‍. മനസിനെ സ്പർശിക്കുന്ന പ്രമേയമായതിനാലാണു താൻ ഈ സിനിമയുടെ ഭാഗമായതെന്നും സണ്ണി വെയിന്‍.
വ്യവസ്ഥാപിത ലിംഗ മാനദണ്ഡങ്ങള്‍ക്കെതിരായ നിരന്തര പോരാട്ടത്തിൽ ജീവിതം നഷ്ടമായ ലിംഗ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്കായാണു ചിത്രം സമർപ്പിച്ചിരിക്കുന്നത്. കുടുംബത്തില്‍ തന്‍റേതായ ഇടം കണ്ടെത്താന്‍ പാടുപെടുന്ന ട്രാന്‍സ്മാനായാണ് ആദം ഹാരി എത്തുന്നത്. ട്രാന്‍സ്മാന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു കാര്യമായ ദൃശ്യപരതയില്ലാത്ത പൊതുസമൂഹത്തില്‍ ബൈനറി എറര്‍ പോലുള്ള സിനിമകള്‍ക്കു വലിയ സ്വാധീനം ചെലുത്താനാവുമെന്നു ഹാരി. ചിത്രത്തിന്‍റെ സ്‌ക്രിപ്റ്റ് എന്നോടു വിശദീകരിച്ചപ്പോൾ തന്നെ ഇത്തരം കൂടുതല്‍ സിനിമകള്‍ വരേണ്ടതുണ്ടെന്നെനിക്കു തോന്നി. അനിരുദ്ധ് എന്ന കഥാപാത്രത്തിന്‍റെ വേഷം ചെയ്യുന്നതിനൊപ്പം ആ കഥാപാത്രത്തിന്‍റെ സംഭാഷണങ്ങളും ഞാനെഴുതി. ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത്തരമൊരു പതിവ് അത്യപൂര്‍വമാണ്. മഹത്തായ ഒരു ടീമിനൊപ്പം എല്ലാരീതിയിലും ഈ ചിത്രത്തിന്‍റെ ഭാഗമായത് ഞാന്‍ ആസ്വദിച്ചു. അതോടൊപ്പം ഇത് മറ്റുള്ളവര്‍ക്ക് അവബോധം നല്‍കുന്ന ഒന്നുകൂടിയായിരുന്നു. സമൂഹത്തിനും ഇത് അങ്ങനെ തന്നെയായിരിക്കുമെന്നു ഞാന്‍ കരുതുന്നു- ആദം ഹാരി പറയുന്നു.
ലിംഗഭേദവും സിനിമയും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഏറെ പഠനങ്ങൾ നടത്തിയിട്ടുണ്ട് എന്‍റർടെയ്‌ൻമെന്‍റ് ജേണലിസ്റ്റ് കൂടിയായ സംവിധായിക അഞ്ജന ജോർജ്. നടി ആക്രമിക്കപ്പെട്ടതിനും കസബ സംഭവത്തിനും ശേഷം മലയാള ചലച്ചിത്ര മേഖലയിൽ സാക്ഷ്യം വഹിച്ച ലിംഗസമത്വ- സംവേദന വിഷയങ്ങൾ സിനിമയിലേക്ക് ഉൾച്ചേർക്കാനായത് രസകരമായ അനുഭവമായിരുന്നെന്ന് അഞ്ജന. പൊളിറ്റിക്കല്‍ കറക്ട്നസ്, മാനസികാരോഗ്യ വെല്ലുവിളികളോട് സഹാനുഭൂതി തുടങ്ങിയവ സിനിമയിലേക്കു കൊണ്ടുവരുന്നത് സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് തടസ്സമാണെന്ന് നാം വാദിക്കുമ്പോള്‍ ഒരു പ്രായോഗിക അനുഭവം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നു ഞാൻ കരുതുന്നു. അതിനെന്നെ സഹായിച്ച മിഥുൻ മാനുവൽ തോമസിനും സണ്ണി വെയിനും നന്ദി. അവരെന്‍റെ ചിന്തകളിൽ വിശ്വാസമർപ്പിച്ചു. ഞാന്‍ ആഗ്രഹിച്ച സിനിമ ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കി. ഇതൊരു കൂട്ടായ പ്രയത്‌നമാണ്. ആദം തന്‍റെ കഥാപാത്രത്തിന് സംഭാഷണങ്ങളെഴുതി. ആഴത്തില്‍ വേരൂന്നിയ ട്രാന്‍സ്‌ഫോബിയയുമായി ഈ ചിത്രത്തിന്‍റെ ഭാഗമായവര്‍ ലിംഗഭേദത്തെക്കുറിച്ച് ഒരു പുതിയ ധാരണയോടെയാണ് മടങ്ങിയതെന്നു ഞാന്‍ ഉറപ്പുനല്‍കുന്നു. ജനപ്രിയ സംസ്‌കാരമായ സിനിമയെ ഉത്തരവാദിത്വത്തോടെ നമുക്ക് ഉപയോഗിക്കാനാവും- അഞ്ജന പറയുന്നു.
ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവ് ലിജോ പോൾ. മൂന്നു സംസ്ഥാന അവാര്‍ഡുകൾ നേടിയ ലിജു പ്രഭാകര്‍ കളറിംഗ് നിർവഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം പ്രകാശ് അലക്‌സ്. അരുണ്‍ രാമ വര്‍മ്മ സൗണ്ട് ഡിസൈന്‍. കെപിഎസി ലീല, എബ്രഹാം ഇടയാടി, ചാരു ചിന്‍മണി, സൂഫി മരിയ, മെറിന്‍ കൊമ്പന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.