സംസ്ഥാനത്തെ തെരുവുനായ ശല്യത്തിൽ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം. ഏറനാട് എംഎല്‍എ പി കെ ബഷീര്‍ ആണ് സഭയിൽ നോട്ടീസ് നൽകിയത് . ഒന്നരലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം തെരുവുനായയുടെ കടിയേറ്റെന്നും നിരവധി പേര്‍ മരിച്ചെന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വാക്‌സിനെടുത്തിട്ടും സംഭവിച്ച മരണങ്ങള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
‘സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചവരില്‍ അഞ്ച് പേരും വീടുകളിലെ നായയുടെ കടിയേറ്റാണ് മരിച്ചത്. 15 പേര്‍ വാക്‌സിനെടുത്തില്ല, ഒരാള്‍ ഭാഗികമായി വാക്‌സിനെടുത്തു. നാല് പേര്‍ മാനദണ്ഡപ്രകാരം വാക്‌സിനെടുത്തു.നാഡീ വ്യൂഹങ്ങള്‍ കൂടുതലുള്ള ശരീരഭാഗത്ത് പേവിഷ ബാധയുള്ള നായയുടെ കടിയേല്‍ക്കുമ്പോള്‍ പെട്ടന്ന് വൈറസ് തലച്ചോറിലെത്തുകയും മരണം സംഭവിക്കുകയും ചെയ്യും. മാനദണ്ഡപ്രകാരം വാക്‌സിനെടുത്ത നാല് പേരില്‍ വാക്‌സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന് മുന്‍പ് തന്നെ വൈറസ് തലച്ചോറിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്എന്നാണ് ആരോഗ്യ മന്ത്രി മറുപടി പറഞ്ഞു.