തദ്ദേശീയമായി വികസിപ്പിച്ച പിനാക റേഞ്ച് റോക്കറ്റുകളുടെ പരീക്ഷണം വിജയകരം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് റോക്കറ്റുകൾ വികസിപ്പിച്ചത്. പുതിയ റോക്കറ്റുകളുടെ പരീക്ഷണങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി ബാലസോറിലും പൊഖ്റാനിലുമാണ് നടത്തിയത്. സർക്കാർ ഉടമസ്ഥതയിലുള്ള മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡും നാഗ്പൂർ ആസ്ഥാനമായുള്ള ഇക്കണോമിക് എക്സ്പ്ലോസീവ് ലിമിറ്റഡും (ഇഇഎൽ) ട്രയൽ സമയത്ത് എല്ലാ ഉപയോക്തൃ ആവശ്യങ്ങളും നിറവേറ്റിയതായി അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്തേകി കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ശ്രമങ്ങളുടെ വിജയമാണിത്. നവീകരിച്ച പിനാക റോക്കറ്റുകൾക്ക് 45 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്.പ്രതിരോധ നിർമ്മാണം സർക്കാരിതര കമ്പനികൾക്ക് തുറന്നുകൊടുത്തതിന് ശേഷം ഇതാദ്യമായാണ് സ്വകാര്യമേഖല നിർമ്മിക്കുന്ന റോക്കറ്റുകൾ സേവനത്തിന് സ്വീകരിക്കുന്നത്.