പമ്പ: ശബരിമലയില്‍ വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടല്‍. വൈകീട്ട് നാലോടെയാണ് ഉരുള്‍പൊട്ടിയത്. പമ്പാ തീരത്ത് ജോലി ചെയ്യുന്ന ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരാണ് ഇക്കാര്യം അറിയിച്ചത്.
ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കക്കാടാറിലും മണപ്പുറത്തും വന്‍ തോതില്‍ വെള്ളംകയറിക്കൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് കിഴക്കന്‍ മലയോര മേഖലകളായ ആങ്ങമൂഴി, സീത്തതോട്, ചിറ്റാര്‍ തുടങ്ങിയ മേഖലകളിലേക്കായിരിക്കും ഇനി ജലം ഒഴുകിയെത്തുക. താഴ്ന്ന പ്രദേശത്ത് വെള്ളംകയറാനുള്ള സാധ്യത കണക്കിലെടുത്തും ഉരുൾപ്പൊട്ടൽ സാധ്യത മുന്നിൽകണ്ടും ജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമുണ്ട്.
കഴിഞ്ഞദിവസം മുതല്‍ പത്തനംതിട്ട ജില്ലയിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ശനിയും ഞായറും ജില്ലയിലെങ്ങും കനത്ത മഴയാണ് പെയ്തത്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.