കാലിഫോര്‍ണിയ: നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് – ഒന്നിന്റെ വിക്ഷേപണം മാറ്റിവെച്ചു. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആര്‍എസ്-25 എന്‍ജിനിലെ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. പുതിയ വിക്ഷേപണ തീയതി നാസ പിന്നീട് അറിയിക്കും.
റോക്കറ്റിന്‍റെ ഇന്ധന ടാങ്കിലും ചെറിയ ചോർച്ച കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് നാസ അറിയിച്ചു. വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്സിജനും എന്‍ജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തി.
അരനൂറ്റാണ്ടിന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസയുടെ ആര്‍ട്ടിമിസ് ദൗത്യം. ആര്‍ട്ടിമിസ്-1 ഇന്ത്യൻ സമയം വൈകീട്ട് 6.04ന് ഫ്ളോറിഡയിലെ കേപ് കാനവറിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് വിക്ഷേപിക്കേണ്ടിയിരുന്നത്. പരീക്ഷണ യാത്രയായതിനാല്‍ മനുഷ്യര്‍ യാത്രികരാകില്ല. 400 കോടി യുഎസ് ഡോളറാണ് ഈ ദൗത്യത്തിനായി ചെലവായത്.
ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കാനാണ് ആദ്യ ദൗത്യം ലക്ഷ്യമിടുന്നത്. 2024-ല്‍ രണ്ടാം ദൗത്യത്തിലൂടെ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യാനും 2025ല്‍ മൂന്നാം ദൗത്യത്തിലൂടെ 1972ന് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുമാണ് നാസയുടെ ലക്ഷ്യം.