പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍ നിന്നു കൊണ്ടാവണമെന്നു വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രതിഷേധത്തിൽ ഹൈക്കോടതി.തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്‌സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. എതിര്‍പ്പിന്റെ പേരില്‍ പദ്ധതി വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഇടപെട്ടിട്ടും നിര്‍മാണം പുനരാരംഭിക്കാനായില്ലെന്നും പൊലീസ് പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്നും ഹര്‍ജിക്കാര്‍ പറയുന്നു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചും നിര്‍മാണം തടസ്സപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. ഈ ഘട്ടത്തിലാണ് പ്രതിഷേധങ്ങള്‍ സമാധാനപരമാവണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.