ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17 ന് തെരഞ്ഞെടുപ്പ് നടക്കും. 19 ന് വോട്ടെണ്ണൽ. കോൺഗ്രസ് പ്രവർത്തക സമിതിയോഗമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
പാർട്ടിയെ പ്രതിസന്ധിയിലാക്കി പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കോൺഗ്രസ് തയാറെടുക്കുന്നത്. സെപ്റ്റംബർ 22 ന് വിജ്ഞാപനം പുറപ്പെടുവിക്കും. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ പത്രിക സമര്‍പ്പിക്കാം.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടാണ്. ഒക്ടോബർ ഒന്നിന് പത്രികകളുടെ സൂഷ്മപരിശോധന നടക്കും. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയാണ് ഇടക്കാല പ്രസിഡന്റായി തുടരുന്നത്.
നേരത്തെ സപ്തംബർ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ വിർച്വലായി ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയ്യതി നീട്ടി വെക്കാൻ തീരുമാനമായത്.
സോണിയാഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും വിദേശത്ത് നിന്നും യോഗത്തിൽ ചേർന്നു. മറ്റ് ജനറൽ സെക്രട്ടറിമാർ, എഐസിസി ആസ്ഥാനത്ത് വെച്ചാണ് യോഗത്തിൽ പങ്കെടുത്തത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഗുലാംനബി ആസാദ് പാർട്ടി വിട്ട ശേഷം ചേർന്ന യോഗം വെറും പതിനഞ്ച് മിനിറ്റ് മാത്രമാണുണ്ടായത്. ഗുലാംനബി ആസാദിന്റെ രാജിയോ രാഹുലിനെതിരായി ആസാദ് അയച്ച കത്തോ യോഗത്തിൽ ചർച്ചക്ക് വന്നിട്ടില്ല. ഗാന്ധി കുടുംബം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്നതും ഇന്നത്തെ യോഗം ചർച്ച ചെയ്തിട്ടില്ല. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ യോഗത്തിനു മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു. എന്നാലിതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
അതേസമയം, ഗുലാം നബിക്കു പിന്നാലെ കോൺഗ്രസ് വിട്ട് തെലങ്കാനയിൽനിന്നുള്ള മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ എം.എ ഖാൻ. പാർട്ടിയെ നശിപ്പിച്ചത് രാഹുൽ ഗാന്ധിയാണെന്ന് കുറ്റപ്പെടുത്തിയാണ് രാജി. മുതിർന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയിച്ചില്ലെന്ന് ഖാൻ വിമർശിച്ചു.
കോൺഗ്രസ് തകരാൻ തുടങ്ങിയത് രാഹുൽ ഗാന്ധി പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായതിനു പിന്നാലെയാണ്. രാഹുലിന്റെ പ്രവർത്തനങ്ങളാണ് കോൺഗ്രസിനെ നാശത്തിലേക്ക് നയിച്ചത്. രാഹുൽ ഗാന്ധിയുടേത് വേറിട്ട ആലോചനകളാണ്. താഴേതട്ടു മുതൽ പാർട്ടിയിലെ ഒരു അംഗത്തിനും യോജിക്കാനാകാത്തതാണ് അവ-രാജിക്കു പിന്നാലെ എം.എ ഖാൻ ആരോപിച്ചു.