തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്തി. ഒരു സ്കൂട്ടറും ബൈക്കുമാണ് എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് കണ്ടെത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഓഫീസിൽ ഒളിപ്പിച്ചനിലയിലായിരുന്നു രണ്ട് ബൈക്കുകൾ.
മുന്ന് ബൈക്കുകളിലായി എത്തിയ ആക്രമികളാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ഇതിൽ രണ്ട് ബൈക്കുകളാണ് ഇപ്പോൾ തമ്പാനൂർ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബൈക്കുകൾ കസ്റ്റഡിയിൽ എടുത്ത് തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമം സംബന്ധിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എ.ബി.വി.പി പ്രവർത്തകരുടെ ഫോണുകളും ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വഞ്ചിയൂരിലെ എ.ബി.വി.പി-സി.പി.ഐ.എം. സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ സി.പി.ഐ.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ബൈക്കില്‍ എത്തിയ സംഘം കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയത്. ആറു പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരില്‍ മൂന്നു പേര്‍ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വഞ്ചിയൂരില്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എ.ബി.വി.പി. പ്രവര്‍ത്തകര്‍ പൊതുവേദിയിൽ ബലം പ്രയോഗിച്ചു നിവേദനം നല്‍കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം. ഈ സംഘത്തിൽ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചത്. സംഘര്‍ഷത്തിന് ശേഷം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപോയാണ് പാര്‍ട്ടി ഓഫീസിന് കല്ലെറിഞ്ഞത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിച്ചു. പൊലീസ് എത്തിയതോടെ ആര്‍.എസ്.എസ്-ബിജെ.പി പ്രവര്‍ത്തകരും ആശുപത്രി പരിസരത്ത് സംഘടിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത് പൊലീസ് ഇന്നത്തേക്ക് മാറ്റിയത്.