തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന് തുടർ ചികിത്സക്കായി ചെന്നൈയിലേക്ക് പോകും. ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി അദ്ദേഹത്തെ കൊണ്ടുപോകും.
അപ്പോളോയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ധാരണയിലെത്തി. ഏറ്റവും വിദഗ്ധ ചികിത്സ തന്നെ അദ്ദേഹത്തിന് നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം എം.എ. ബേബിയും പിണറായി വിജയനും കോടിയേരിയെ കണ്ടിരുന്നു. ചികിത്സ തുടരുന്ന സാഹചര്യത്തിൽ അണുബാധ സാധ്യതകൾ ഒഴിവാക്കാനായി സന്ദർശകരെ അനുവദിക്കേണ്ടെന്നാണ് തീരുമാനം.