കണ്ണൂർ: കരിപ്പൂർ സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. ആയങ്കിയോടൊപ്പം പിടിയിലായ മറ്റ് രണ്ട് രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തിട്ടുണ്ട്. അഴീക്കോട് സ്വദേശി പ്രണവ് , കണിച്ചേരി സ്വദേശി സനൂജ് എന്നിവരാണ് ആയങ്കിക്കൊപ്പം പിടിയിലായത് .
കേസിലെ ഒന്നാം പ്രതിയാണ് അർജുൻ ആയങ്കി. കേസിൽ നാലംഗ സംഘം നേരത്തേ പിടിയിലായിരുന്നു. ഇവർ കവർച്ചക്കെത്തിയത് ആയങ്കിയുടെ നിർദേശപ്രകാരമാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങലിൽ നിന്നാണ് അർജുൻ ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തിനായിരുന്നു കരിപ്പൂരിൽ സ്വർണക്കവർച്ച സംഘത്തിനെ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിലൂടെ അർജുൻ ആയങ്കിയുടെ പേര് വെളിപ്പെടുകയായിരുന്നു.
വിദേശത്ത് നിന്നും കടത്തി കൊണ്ട് വന്ന സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ മറ്റൊരു സംഘത്തിന് കൃത്യമായ നിർദേശങ്ങൾ നൽകിയത് ആയങ്കിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. 2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കുമെന്ന് എസ് പി അറിയിച്ചു.