കൊച്ചി: നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണിച്ചത് വിസ്മയത്തോടെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്നമെന്നും സതീശൻ ചോദിച്ചു.
“അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിക്കു ക്ഷണിച്ചത് വിസ്മയത്തോടു കൂടിയാണ് ഞങ്ങൾ നോക്കികാണുന്നത്. 2019 ലോക്സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കൾ.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥർ ക്ഷണിക്കുമ്പോൾ അവിടുത്തെ എംപിക്ക് പ്രധാനമന്ത്രി വരേണ്ട എന്നു പറയാനാകുമോ? എന്നിട്ടും തിരഞ്ഞെടുപ്പു ലാക്കാക്കി ‘പ്രധാനമന്ത്രിയെ ക്ഷണിച്ച സംഘി പ്രേമചന്ദ്രൻ’ എന്ന പേരിൽ അദ്ദേഹത്തെ ആ തിരഞ്ഞെടുപ്പു കാലത്ത് ആക്ഷേപിച്ചതാണ് സിപിഎമ്മിന്റെ നേതാക്കന്മാർ. ഷിബു ബേബിജോൺ ഗുജറാത്തിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസിൽ പോയതിന്റെ പേരിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതാക്കന്മാർ പിണറായി വിജയൻ അമിത് ഷായെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നറിയാൻ ആഗ്രഹമുണ്ട്.”– വി.ഡി.സതീശൻ പറഞ്ഞു.
സിപിഐ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒരു കാര്യവുമില്ല. ലോകായുക്ത ബില്ലിനെ ശക്തിയായി എതിര്‍ത്തെന്നാണ് സിപിഐ പറഞ്ഞത്. പിന്നീട് സിപിഎമ്മുമായി ഒത്തുതീര്‍പ്പിലെത്തി.
പിണറായി വിജയനെതിരെ മന്ത്രിസഭയിലെ ഒരാളുടെയും ചുണ്ടനങ്ങില്ല. ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിച്ചാണ് അദ്ദേഹം മന്ത്രിസഭ ഉണ്ടാക്കിയതെന്നും സതീശന് പറഞ്ഞു.