എറണാകുളം: എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുന്നതായി എറണാകുളം സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്. സിപിഎമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്തുന്നുവെന്നും ഇത് മുന്നണി സംവിധാനത്തിന് ഗുണം ചെയ്യില്ലെന്നും സർക്കാർ തൊട്ടതെല്ലാം പിശകാക്കുന്നുവെന്നുമാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.
സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എതിരെയുള്ള കുറ്റപ്പെടുത്തല്‍. സിപിഎമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങള്‍ അടക്കം നടത്തുന്നു. ഇത് മുന്നണി സംവിധാനത്തിനു ഗുണം ചെയ്യില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരാ എന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് സില്‍വര്‍ലൈൻ വിഷയത്തില്‍ എടുത്ത നിലപാടിനെയും തള്ളുന്നുണ്ട്.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയ രീതി ശരിയല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധം ക്ഷണിച്ചുവരുത്തിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു. കെ റെയിൽ നടപ്പാക്കുകതന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പലാരിവട്ടം പ്രസംഗവും തിരിച്ചടിയായെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്.
സിപിഐയുടെ കൈവശമുള്ള റവന്യൂ വകുപ്പിന് നേരെയും വിമർശനം ഉണ്ടായി. റവന്യൂ ഓഫീസിൽ ചെന്നാൽ എല്ലാത്തിനും കാലതാമസമുണ്ടാകുന്നുവെന്നും ഭൂമി തരം മാറ്റൽ വിഷയത്തിലും പട്ടയ വിതരണത്തിലും നിരവധി പോരായ്മകളുണ്ടെന്നുമാണ് യോഗത്തിൽ അഭിപ്രായമുയർന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയവും പ്രതിനിധികൾ വിലയിരുത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ വി തോമസ് എത്തിയത് എൽഡിഎഫിന് തിരിച്ചടിയായെന്ന് എറണാകുളം സിപിഐ ജില്ലാ സമ്മേളനം കുറ്റപ്പെടുത്തുന്നു. എൽഡിഎഫിന്റെ മൂല്യധിഷ്ഠിത രാഷ്ട്രീയത്തിന് എതിരായ തീരുമാനമായാണ് കെവി തോമസെത്തിയതിനെ വോട്ടർമാർ കണ്ടതെന്നും സിപിഐ യോഗം കുറ്റപ്പെടുത്തി. മന്ത്രിമാരെ കുറിച്ചും ജനങ്ങൾക്ക് വ്യാപക പരാതിയുണ്ടെന്ന് റിപ്പോർട്ട് വിലയിരുത്തി.
അതേസമയം, സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കേന്ദ്രത്തിൽ നിന്നും ശ്രമം നടക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു.അന്വേഷണ കുരുക്കിലേക്ക് വലിച്ചിടാനാണ് ശ്രമം നടക്കുന്നതെന്നും ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഇതിനു ഉപയോഗിക്കുന്നതായും കാനം കുറ്റപ്പെടുത്തി. സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏലൂരിൽ ഇന്നും നാളെയും പ്രതിനിധി സമ്മേളനം തുടരും. നാളെയാണ് ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ് നടക്കുക. നിലവിലുള്ള ജില്ലാ സെക്രട്ടറി പി രാജു പ്രായപരിധി പരിഗണിച്ച് സെക്രട്ടറി സ്ഥാനം ഒഴിയും. ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് കെ എൻ സുഗതനാണ് പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.