തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മധ്യ വടക്കൻ ജില്ലകളിലാകും മഴ കനക്കുക. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തി.
അതേസമയം കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളുടെ കിഴക്കൻ ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായി. മലയോരമേഖലയിൽ പലയിടത്തും മഴ തുടരുന്നുണ്ട്. കിഴക്കൻ മേഖലയിൽ കാടിനകത്ത് ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടെന്നാണ് സൂചന.
കോഴിക്കോടിൻ്റെ കിഴക്കൻ മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയിൽ ഉരുൾ പൊട്ടിയതായി സംശയമുണ്ട്. വിലങ്ങാട് പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നതാണ് സംശയത്തിന് കാരണം. വിലങ്ങാട് ടൗണിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. മലയോരമേഖലയിൽ ഇടവിട്ട് മഴ തുടരുന്നുണ്ട്. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായിരുന്ന മേഖലയാണിത്. രണ്ടാഴ്ച മുൻപും ഈ മേഖലയിൽ ശക്തമായ കാറ്റ് വീശി യിരുന്നു. വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്തും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്നുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുണ്ടായി. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കണ്ണൂരിലും മലവെള്ളപ്പാച്ചിലുണ്ടായി. നെടുംപോയിൽ ചുരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഇവിടെ വനത്തിൽ ഉരുൾപൊട്ടിയതായിട്ടാണ് സൂചന. ഇവിടെ മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചിരുന്നു.