ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ എംഎല്‍എമാരുടെ കൂറുമാറ്റവും ബിജെപിയുടെ ചാക്കിട്ടുപിടിത്തവും നേരിടാന്‍ ഭരണകക്ഷി എംഎല്‍എമാരെ ഹോട്ടലുകളിയേക്കു മാറ്റി. ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് സംബന്ധിച്ച് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ഇന്ന് വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.
ബിജെപിയുടെ ചാക്കിട്ടു പിടിത്തം നേരിടാന്‍ , ഭരണകക്ഷി എംഎല്‍എമാരെ സൗഹൃദ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലേക്കോ ഛത്തീസ്ഗഢിലേക്കോ മാറ്റിയേക്കുമെന്ന സൂചനകളുമുണ്ട്.
സ്വന്തം പേരില്‍ ഖനന ഭൂമി അനുവദിച്ചതാണ് മുഖ്യമന്ത്രി സോറനെ കുടുക്കിയത്. സ്വയം ലാഭം നേടാന്‍ ഓഫീസ് കൈവശം വെച്ചുവെന്ന ആരോപണത്തില്‍ പ്രതിപക്ഷമായ ബിജെപിയാണ് പരാതി നല്‍കിയത്.
സര്‍ക്കാര്‍ കരാറുകള്‍ സംബന്ധിച്ച 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 9(എ) വകുപ്പ് ലംഘിച്ചതിന് മുഖ്യമന്ത്രി ഹേമന്ദ് സോറനെ അയോഗ്യനാക്കണമെന്ന് കേസിലെ ഹര്‍ജിക്കാരനായ ബി.ജെ.പി അംഗം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സ്വന്തം പേരില്‍ സ്റ്റോണ്‍ ചിപ്‌സ് ഖനി അനുവദിച്ച നടപടിയാണ് ആരോപണവിധേയമായത്.