കോൺഗ്രസ് പാർട്ടി വിട്ട മുതിർന്ന രാഷ്ട്രീയ നേതാവ് ഗുലാം നബി ആസാദ് ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടി രൂപീകരിക്കും. രാജി തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീർ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി .
തന്റെ രാജിക്ക് പിന്നാലെ കൂടുതൽ പേർ പാർട്ടി വിടുന്നത് കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു എന്നാണ് ഗുലാബ് നബി ആസാദ് പറഞ്ഞത്.അതിനിടെ പാർട്ടിയിലെ അത്യപ്തരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയാറെടുക്കുകയാണ്. ഗുലാം നബി ആസാദ് പാർട്ടിവിട്ട സാഹചര്യത്തിൽ കൂടുതൽ രാജികൾ ഉണ്ടാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗുലാം നബി ആസാദ് പാർട്ടി വിട്ട സാഹചര്യത്തിൽ പ്രവർത്തകസമിതി യോഗം മാറ്റിവെക്കും എന്ന വാർത്തകൾ കോൺഗ്രസ് നിഷേധിച്ചു. ഞായറാഴ്ചത്തെ കോൺഗ്രസ് പ്രവർത്തകസമിതി യോഗം മാറ്റില്ലെന്ന് കോൺഗ്രസ് അറിയിച്ചു. പ്രവർത്തകസമിതി യോഗം വെർച്വലായി ചേരും.