കൊല്ലം: ലഹരിമരുന്ന് കേസ് പ്രതികളെ കാണാനെത്തിയവർ പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാന്റ് ചെയ്തു. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐയെ ആക്രമിച്ച കേസിൽ ചവറ സ്വദേശി വിഷ്ണു, വിഗ്നേഷ് എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിഷ്ണുവും വിഗ്നേഷും എം ഡി എം എ കേസ് പ്രതികളെ കാണണമെന്ന ആവശ്യവുമായാണ് സ്റ്റേഷനിലെത്തിയത്. എന്നാൽ പൊലീസ് ഇത് അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് എ എസ് ഐ പ്രകാശ് ചന്ദ്രന്റെ മൂക്ക് ഇടിച്ചു പൊട്ടിച്ചത്. കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ എ എസ് ഐ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ദമ്പതികള്‍ ഉൾപ്പെട്ട മയക്കുമരുന്ന് സംഘത്തെയാണ് ഇന്നലെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയത്. പാൽകുളങ്ങര സ്വദേശി അഖിൽ, പുന്തലത്താഴം സ്വദേശി അഭിനാഷ്, പേരൂർ സ്വദേശി അജു, ഭാര്യ ബിൻഷ എന്നിവരെയാണ് കരിക്കോട് ഷാപ്പുമുക്കിലെ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാര്‍ഥികൾക്ക് ലഹരി മരുന്നുകൾ വിൽക്കാനാണ് ഇവർ കരിക്കോട് മുറിയെടുത്തത്.
ഗൂഗിൾ പേ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് പ്രതികൾ നടത്തിയത്. പൊലീസുകാരനെ അക്രമിച്ചവർ എം ഡി എം എ കേസ് പ്രതികളുടെ സുഹൃത്തുക്കളാണെന്നാണ് പൊലീസ് പറയുന്നത്.